Aviation

വേനലവധി: നിരക്കു വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍

വേനലവധി ആയതോടെ നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെയാണ് ഗള്‍ഫ്‌ രാജ്യങ്ങളില്‍ വേനലവധി. ജൂണ്‍ 15 മുതല്‍ 20 വരെ ദോഹയില്‍ നിന്നും കരിപ്പൂര്‍, നേടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേയ്ക്കുള്ള നിരക്ക് ശരാശരി 200,000 രൂപയാണ്.

ദോഹയില്‍ നിന്നും കരിപ്പൂരിലേക്കാണ് നിരക്ക് കൂടുതല്‍. തിരക്കു കുറവുള്ള സമയത്ത് 7,500 രൂപയ്ക്കു കിട്ടുന്ന ടിക്കറ്റുകൾക്കാണു മൂന്നു മടങ്ങോളം വർധന. അവധി കഴിഞ്ഞ് മടക്കയാത്ര ആരംഭിക്കുന്നത് ഓഗസ്റ്റ് അവസാനത്തോടെയാണ്. ഈ സമയത്ത് ടിക്കറ്റ് നിരക്ക് 25,000 രൂപയോളമാണ്. മടക്കയാത്രയിലും കോഴിക്കോടു നിന്നുള്ള ടിക്കറ്റുകൾക്കാണു നിരക്ക് കൂടുതൽ.

ഓഗസ്റ്റ് 25നുള്ള കോഴിക്കോട്– ദോഹ ടിക്കറ്റിന് 27,332 രൂപയാണ് നിരക്ക്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ചേർത്ത് എടുത്താലും തിരക്കുള്ള സമയങ്ങളിൽ കാര്യമായ വ്യത്യാസം പ്രതീക്ഷിക്കേണ്ട. ഒരാൾക്കു കുറഞ്ഞത് 42,000 രൂപയെങ്കിലും നൽകേണ്ടി വരും. ജൂൺ 20നു ദോഹ– കൊച്ചി യാത്രയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 18,858 രൂപയാണ്. ഇത് മടക്ക ടിക്കറ്റ് ഉള്‍പ്പെടെ 42,000 രൂപയാകും. ഓഗസ്റ്റ് 25നുള്ള കൊച്ചി– ദോഹ യാത്രയ്ക്കു 24,289 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

അവധിയായാല്‍ നാട്ടിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയൊരു തിരിച്ചടിയാണ് നിരക്ക് വര്‍ധന. പരമാവധി നേരത്തെ ബുക്ക് ചെയ്ത് ആഘാതം കുറയ്ക്കുകയെന്നതു മാത്രമാണു പോംവഴി.