Middle East

സ്വദേശിവല്‍ക്കരണത്തിന് ഒരുങ്ങി സൗദി വിമാനത്താവളവും

വിദേശ വിമാനക്കമ്പനികളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കി സൗദി അറേബ്യയിലെ വിമാനക്കമ്പനികള്‍. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.


സ്വദേശിവല്‍ക്കരണം നടത്തുന്നത് വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവടങ്ങളിലാണ്. സ്വദേശികളെ നിയമിക്കണം എന്ന ആവശ്യം ഉടന്‍ സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍റൈമി വിദേശ കമ്പനികളോട് ആവശ്യപ്പെട്ടു.

സ്വദേശി നിയമനം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സൗദിവല്‍ക്കരണ സമിതിയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് എയര്‍പ്പോര്‍ട്ടിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.

യോഗ്യരായ സ്വദേശി യുവാക്കളെയാണ് എയര്‍പ്പോര്‍ട്ടിലെ ജോലിക്കായി കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് തുര്‍ക്കി അല്‍ ദീബ് പറഞ്ഞു. പ്രവര്‍ത്താനുനമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.