Aviation

നിരവധി സര്‍വീസുകള്‍ നിര്‍ത്തി ഇന്‍ഡിഗോ: യാത്രക്കാര്‍ പെരുവഴിയില്‍

പറക്കലിനിടയില്‍ തകരാറുണ്ടാകാന്‍ സാധ്യതയുള്ള എന്‍ജിന്‍ ഘടിപ്പിച്ച  വിമാനങ്ങള്‍ സര്‍വീസ് അടിയന്തരമായി നിര്‍ത്തണമെന്ന് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍. അടിയന്തിരമായി വിമാനം നിലത്തിറക്കിയതിനെത്തുടര്‍ന്ന് നൂറ് കണക്കിന് യാത്രക്കാര്‍ വലഞ്ഞു. ഇന്‍ഡിഗോയ്ക്കും, ഗോ എയറിനുമാണ്‌  നിര്‍ദേശം നല്‍കിയത് ഇന്‍ഡിഗോ മാത്രം 47 വിമാനങ്ങള്‍ റദ്ദാക്കിയതായി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പു നല്‍കി. എ320 വിമാനങ്ങളില്‍ അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്നിയുടെ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിമാനങ്ങള്‍ ഏറെ നാളായി തകരാറ് നേരിടുകയാണ്.

വിമാനം റദ്ദാക്കിയത് അറിയാതെ യാത്രക്ക് തയ്യാറായെത്തിയ നിരവധി പേര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ബഡ്ജറ്റ് എയര്‍ലൈനുകളായ ഇന്‍ഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങള്‍ക്കാണ് പറക്കല്‍ അനുമതി നിഷേധിച്ചത്. ഒരു വിമാനം ഒരു ദിവസം ശരാശരി എട്ടു സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവ രാജ്യത്തിനകത്തും പുറത്തേക്കുമുള്ള വിവിധ സര്‍വീസുകളാണ്. പലതും കണക്ഷന്‍ ഫ്ളൈറ്റുകളാണ് എന്നതും യാത്രക്കാരെ വെട്ടിലാക്കി.

ഒരുമാസത്തിനുള്ളില്‍ മൂന്ന് വിമാനങ്ങള്‍ക്കാണ് എന്‍ജിന്‍ തകരാര്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വിമാനങ്ങള്‍ക്ക് ഇതേ എന്‍ജിന്‍ മാറ്റി വെയ്ക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗലുരു, പട്ന, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ശ്രീനഗര്‍, ഗുവാഹത്തി തുടങ്ങിയ പ്രധാന വിമാനത്താവളങ്ങലേക്കുള്‍പ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് ഇതുമൂലം വലഞ്ഞത്. പകരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനികള്‍ വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ലെന്നാണ് യാത്രക്കാര്‍ പ്രതികരിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ ഇത്രയധികം വിമാന സര്‍വീസ് മുടങ്ങുന്നതോടെ യാത്രക്ലേശമുണ്ടാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പിഡബ്ല്യു 1100 എന്‍ജിനുകളില്‍ സീരിയല്‍ 450 മുതലുള്ളവയ്ക്കാണു തകരാര്‍ കാണുന്നത്. ഒരു സീല്‍ ആണു പ്രശ്‌നഘടകമെന്നാണു കമ്പനി വിശദീകരിക്കുന്നത്. ഒരു വിമാനത്തില്‍ രണ്ട് എന്‍ജിന്‍ ഉള്ളതിനാല്‍ ഒരെണ്ണം ഈ തകരാര്‍ സാധ്യതയുള്ള സീരീസില്‍പ്പെടുതന്നതായാലും കുഴപ്പമുണ്ടാകില്ലെന്ന താല്‍ക്കാലിക പരിഹാരമാണു കമ്പനി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാല്‍  ഇതു സ്വീകാര്യമല്ലെന്നു ഡിജിസിഎ പറഞ്ഞു.