Adventure Tourism

ജബല്‍ ജൈസ് മലനിരകളില്‍ രാത്രിയിലും സാഹസിക യാത്ര

ചൂടുകാലം ആകുന്നതോടെ രാത്രിയിലും സിപ് ലൈൻ യാത്രയ്ക്ക് അവസരമൊരുക്കുകയാണ് റാസല്‍ഖൈമ ജബൽ ജൈസ് മലനിരകളിലെ സിപ് ലൈന്‍ സാഹസിക വിനോദ സഞ്ചാര കേന്ദ്രം. കൂടുതല്‍ സഞ്ചാരികള്‍ മലഞ്ചാട്ടം ഹരമാക്കിയതോടെ രണ്ടു സിപ് ലൈന്‍ കേബിളുകള്‍ കൂടി ജബല്‍ ജൈസില്‍ ഇനിയുണ്ടാകും. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ സിപ് ലൈനിലൂടെ ഇനി ദിവസവും 400 പേർക്ക് ഉയരങ്ങളിലൂടെ യാത്ര നടത്താം.

ജബൽ ജൈസ് മലനിരകളിൽ സമുദ്രനിരപ്പിനെ അപേക്ഷിച്ചു താപനില 10 ഡിഗ്രി കുറവാണ്. സമുദ്രനിരപ്പിൽ നിന്ന് 1934 മീറ്റർ ഉയരത്തിൽ സ്ഥാപിച്ച സിപ് ലൈൻ ആണിത്. ചൂടുകാലത്തും തണുപ്പുകാലത്തും ഇവിടേക്കു സന്ദർശക പ്രവാഹമാണ്. ഉയരമുള്ള മലയിൽ നിന്ന് ഉയരം കുറഞ്ഞ മലയിലേക്കു വലിച്ചുകെട്ടിയ കേബിളിൽ തൂങ്ങിയുള്ള സാഹസിക യാത്രയാണിത്. മണിക്കൂറിൽ 120 മുതൽ 150 വരെ കിലോമീറ്ററിലാണ് യാത്ര. സിപ് ലൈൻ മൂന്നു കിലോമീറ്ററോളം അകലമുള്ള മലനിരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.

ശരീരഭാരം ചുരുങ്ങിയത് 45 കിലോയും പരമാവധി 150 കിലോയും 120 സെന്‍റി മീറ്ററില്‍ കൂടുതല്‍ ഉയരവുമുള്ള ആരോഗ്യപ്രശ്നം ഇല്ലാത്ത എല്ലാവര്‍ക്കും സിപ് ലൈനിലൂടെ യാത്രചെയ്യാം. യാത്രയ്ക്ക് സഹായിക്കാന്‍ ട്രെയിനര്‍മാരുടെ സേവനം ലഭ്യമാണ്. കൂറ്റൻ പാറക്കെട്ടുകൾ, വിശാലമായ മലഞ്ചെരിവുകൾ, ബദുക്കളുടെ കൃഷിയിടങ്ങൾ ഉൾപ്പെടെയുള്ള പച്ചപ്പ് എന്നിവ ആസ്വദിച്ച് യാത്ര ചെയ്യാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംവിധാനവും ഇവിടെയുണ്ട്. ഹെലികോപ്റ്റർ സേവനവും ലഭ്യമാണ്. കൂടാതെ സഞ്ചാരികളുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഭക്ഷ്യശാലയും വിശ്രമ സ്ഥലവും ഇവിടുണ്ട്.

ഇന്ത്യ, യുകെ, റഷ്യ, ജർമനി, പോളണ്ട്, ചെക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ നിന്നുള സഞ്ചാരികളാണ് കൂടുതളും ജബല്‍ ജൈസില്‍ എത്തുന്നത്. സിപ് ലൈന്‍ രണ്ടാംഘട്ടം ആരംഭിച്ചതോടെ ഇവിടെ എത്തുന്ന സാഹസിക സഞ്ചാരികളുടെ എണ്ണം പ്രതിവര്‍ഷം രണ്ടുലക്ഷം ആകുമെന്നാണ് പ്രതീക്ഷ. സിപ് ലൈന്‍ വിജയമായതോടെ കൂടുതല്‍ സാഹസിക വിനോദങ്ങളുടെ കേന്ദ്രമായി റാസല്‍ഖൈമയെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പ്.