Hospitality

മനുഷ്യ നിര്‍മിത നീല ജലാശയ ദ്വീപ്‌ ഒരുങ്ങുന്നു

കാഴ്ചകളിലേക്കു കറങ്ങുന്ന ‘വിസ്മയചക്രം’ ഉൾപ്പെടെയുള്ള അത്യപൂർവ സംവിധാനങ്ങളോടെ ‘ബ്ലൂവാട്ടേഴ്സ് ഐലൻഡ്’ ലക്ഷ്യത്തിലേക്ക്. 210 മീറ്ററില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഐൻ ദുബായ് എന്ന ജയന്‍റ് വീൽ, നക്ഷത്രഹോട്ടൽ സമുച്ചയങ്ങള്‍, വില്ലകൾ, സാഹസിക വിനോദങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങി വന്‍ പദ്ധതികളോടെ ഉയരുകയാണ് ഈ ദ്വീപ്‌.

കെട്ടിട നിര്‍മാതാക്കളായ മിറാസ് 600 കോടി ദിര്‍ഹം ചെലവഴിച്ചാണ് ദ്വീപ്‌ ഒരുക്കുന്നത്. പണി പൂർത്തിയാകുന്ന ആദ്യഹോട്ടലിൽ 178 ആഡംബര മുറികളും 96 അപ്പാര്‍ട്മെന്‍റ്കളും ഉണ്ടാകും. രണ്ടാമത്തെ ഹോട്ടലില്‍ 301 മുറികളും 119 അപ്പാര്‍ട്ട്മെന്‍റ്കളും ഉണ്ടാകും. രണ്ടു ഹോട്ടലുകൾക്കുമായി 450 മീറ്റർ പ്രത്യേക ബീച്ച് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ നീന്തൽക്കുളങ്ങൾ, ജിംനേഷ്യം, പൂന്തോട്ടങ്ങൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവ ഇവിടെയുണ്ടാകും.

ദ്വീപിലേക്ക് ഷെയ്ഖ് സായിദിൽ നിന്നു നേരിട്ടു റോഡ് ശൃംഖലകളുണ്ടാകും. ആർ.ടി.എ ആയിരിക്കും ഇതു പൂർത്തിയാക്കുക. ദ്വീപിൽനിന്നു വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്കു ജലയാനങ്ങളും ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കു ഡ്രൈവറില്ലാ വാഹനങ്ങളും ഉണ്ടാകും. ദ്വീപിന്‍റെ എതിർഭാഗത്തേക്കുള്ള ദ് ബീച്ചിലേക്ക് 265 മീറ്റർ നീളമുള്ള നടപ്പാതയാണ് മറ്റൊരു പ്രത്യേകത.

ലോകത്തിലെ ഏറ്റവും വലിയ ജയന്‍റ് വീലാകും ബ്ലൂവാട്ടേഴ്സ് ദ്വീപിലേത്. 210 മീറ്ററിലേറെ ഉയരമുള്ള ഇതിലിരുന്നാൽ ദുബായിയുടെ 360 ഡിഗ്രിയിലുള്ള കാഴ്ചകൾ കാണാം. 1400 യാത്രക്കാർക്കു കയറാനാകും. 168 മീറ്റർ ഉയരമുള്ള ലാസ്‌വേഗാസ് ഹൈ റോളറിനെയും 192 മീറ്റർ ഉയരമുള്ള ന്യൂയോർക്ക് വീലിനെയും പിന്നിലാക്കിയാണ് 210 മീറ്ററിന്റെ തലപ്പൊക്കവുമായി ഐൻ ദുബായ് റെക്കോഡിലേക്കു കറങ്ങുക.