Food

കീശ നിറച്ച ദോശ

ഒന്നുമില്ലായ്മയില്‍ നിന്ന് കോടിപതിയിലേക്കെത്തിയ തൂത്തുകുടി സ്വദേശി പ്രേം ഗണപതി എന്ന ബിസിനസുകാരന് പറയാനുള്ളത് സ്വപ്നങ്ങളുടെയും കഠിനാധ്വാനാത്തിന്‍റെയും കഥയാണ്‌.

പ്രേം ഗണപതി പത്താംക്ലാസില്‍ പടിക്കുമ്പോള്‍ കൃഷിയില്‍ നഷ്ടം സംഭവിച്ച് അച്ഛന്‍റെ സമ്പാദ്യമെല്ലാം നഷ്ട്മായി. വീടിന്‍റെ ഭാരം സ്വന്തം ചുമലിലായപ്പോള്‍ പണം സമ്പാദിക്കാനായി പ്രേം നാടുവിട്ടു. ഭാഷ അറിയാത്ത നാട്ടിലൂടെ ജോലിക്കായി അലഞ്ഞുനടന്നു. പതിനേഴാം വയസ്സിലാണ് മുംബൈയിലേക്ക് ചേക്കേറിയത്. ജോലിതേടിയുള്ള അലച്ചിലിനൊടുവില്‍ ബേക്കറിയില്‍ ജോലി കിട്ടി. രണ്ടു വര്‍ഷം അവിടെ ജോലിയെടുത്തു. പിന്നീട് പലയിടത്തും ഹോട്ടലുകളിലും പിസാ ഡെലിവറി ബോയ്‌ ആയും ജോലിചെയ്തു. കിട്ടുന്ന കൂലി തന്‍റെ സമ്പാദ്യപ്പെട്ടിയില്‍ നിക്ഷേപിച്ചു.

ഉന്തു വണ്ടിയിലെ ജീവിതം

കുറച്ചൊക്കെ സമ്പാദ്യമായപ്പോള്‍ ബിസിനസ് ചെയ്യാന്‍ തീരുമാനിച്ചു. തുടക്കം വഴിയോരങ്ങളില്‍ ഇഡ്ഡലിയും ദോശയും വിറ്റ്. സുഹൃത്തുക്കളുടെ സഹായത്തോടെ ഉന്തുവണ്ടി വാടകക്കെടുത്താണ് ബിസിനസ് തുടങ്ങിയത്. ജോലിക്കിടെ എന്നും രണ്ടുമണിക്കൂര്‍ കമ്പ്യുട്ടര്‍ പഠിക്കും. കൂടുതല്‍ ബിസിനസ്‌ സാധ്യതകള്‍ അന്വേഷിച്ചു കണ്ടെത്തും. ഉന്തു വണ്ടി ഉരുട്ടി മാസം 20000 രൂപവരെ മിച്ചംപിടിക്കാന്‍ തുടങ്ങി.

പ്രേം സാഗര്‍ ദോശ പ്ലാസ

1997ല്‍ വാഷി റെയില്‍വേ സ്റ്റേഷന്‍റെ അടുത്ത് ചെറിയ കടമുറി വാടകക്കെടുത്ത് ദോശവില്‍പ്പന അങ്ങോട്ട്‌ മാറ്റി. അങ്ങനെ പ്രേം സാഗര്‍ ദേശ പ്ലാസ എന്ന ദോശവില്‍പ്പന ശാല ആരംഭിച്ചു. പനീര്‍ ചില്ലി ദോശ, സ്പ്രിംഗ് റോള്‍ ദോശ, പ്ലൈന്‍ ദോശ തുടങ്ങി ഇരുപതില്‍ കൂടുതല്‍ വ്യത്യസ്ത ദോശകള്‍ വില്‍പ്പനക്ക് ഒരുക്കി. പിന്നീട് അടുത്തുള്ള മാളിലേക്ക് കട മാറ്റി.  അങ്ങനെ പ്രേമിന്‍റെ ദോശക്ക് പ്രചാരമേറി. വരുമാനവും വര്‍ധിച്ചു. 2002 ആയപ്പോഴേക്കും 104 തരം ദോശകള്‍ ഉണ്ടാക്കിത്തുടങ്ങി.

ഇന്ന് പ്രേം ഗണപതിക്ക്‌ ഇന്ത്യയിലുടനീളം നാല്‍പ്പത്തിയഞ്ച് ദോശ ഔട്ട്‌ലറ്റുകളുണ്ട്. കൂടാതെ യുഎഇ, ഒമാന്‍, ന്യുസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഏഴ് ദോശ ഔട്ട്‌ലറ്റുകളും പ്രേമിന് സ്വന്തമായുണ്ട്.