Asia

സ്വര്‍ണഇലകള്‍ പൊഴിക്കുന്ന ഒറ്റമരം

ശിശിരത്തില്‍ സ്വര്‍ണഇലകള്‍ പോഴിക്കുന്ന ഒറ്റമരം. വര്‍ണ ശോഭയില്‍ മോഹിപ്പിക്കുന്ന ഈ മരം ചൈനയിലെ ഗു ഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഒറ്റമരത്തിന്. ജീവിക്കുന്ന ഫോസില്‍ എന്നാണ് മരത്തിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

ബുദ്ധ ക്ഷേത്രത്തിനു ചുറ്റും സ്വര്‍ണ ഇലകള്‍ ചിതറി കിടക്കുന്നു. ക്ഷേത്രപരിസരത്തും മേല്‍ക്കൂരയ്ക്കുമെല്ലാം സ്വര്‍ണ നിറം മാത്രം. മനോഹരമായ ഈ കാഴ്ചകാണാന്‍ നവംബര്‍ അവസാനത്തോടു കൂടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുക. പ്രദേശത്തെ ടൂറിസത്തിനും മരം നല്‍കുന്ന സംഭാവന വലുതാണെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്. സോങ്ഗാന്‍ മലനിരകളിലാണ് ക്ഷേത്രവും മരവുമുള്ളത്.

ഇവിടുത്തെ കാലാവസ്ഥയാണ് ഇത്ര വര്‍ഷമായിട്ടും മരത്തെ നശിക്കാതെ കാത്തുസൂക്ഷിക്കുന്നത്. പ്രകൃതിയിലെ ഒരു പ്രതിഭാസവും മരത്തിന്‍റെ ജീവനെ പ്രതികൂലമായി ബാധിച്ചിട്ടില്ല. വര്‍ഷം കഴിയുംതോറും മരത്തിന്‍റെ ആരോഗ്യം വര്‍ധിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. പ്രകൃതിയുടെ അത്ഭുതമെന്നു വേണമെങ്കില്‍ മരത്തിനെ വിളിക്കാം എന്നാണ് സസ്യശാസ്ത്രജ്ഞര്‍ പറയുന്നത്.

നിലത്തു വീഴുന്ന ഇലകള്‍ നീക്കം ചെയ്യാറില്ല. മരത്തെ ഒന്നുതൊടാം എന്നാഗ്രഹിച്ച് ഗു ഗുന്യായിലേക്ക് വണ്ടി കയറാനാണ് ഉദ്ദേശമെങ്കില്‍ അതു നടക്കില്ല. സഞ്ചാരികള്‍ക്ക് മരത്തിന് അടുത്തേക്ക് പോകാന്‍ കഴിയില്ല. ഒരു നിശ്ചിത ദൂരത്തില്‍ വേലി കെട്ടി തിരിച്ചിരിക്കുകയാണ്. മരത്തിന്‍റെ ചില്ലകള്‍ ഒടിക്കുന്നതും ഇലകള്‍ പറിച്ചെടുക്കുന്നതും ഒഴിവാക്കാനാണ് വേലി കെട്ടിതിരിച്ചിരിക്കുന്നത്.

വര്‍ഷങ്ങളുടെ ആയുസ്സുണ്ട് ജിങ്കോ മരങ്ങള്‍ക്ക്. എന്നാല്‍ 1400 വര്‍ഷം മരം കേടു കൂടാതെ വളരുന്നത് അത്ഭുതമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്