America

വിമാനം പറന്നിറങ്ങിയത് നടുറോഡില്‍

എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം ഹൈവേയില്‍ ഇറക്കി. കാലിഫോര്‍ണിയയിലാണ് സംഭവം. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. വിമാനം ഹൈവേയില്‍ ഇറക്കുന്ന സമയത്ത് വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

സാന്‍റിയാഗോയില്‍ നിന്ന് വാന്‍ നുയിസിലേക്ക് പോവുകയായിരുന്ന ചെറുവിമാനമാണ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. ഇസ്സി സ്ലോഡ് എന്ന പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍പെട്ട ഇസ്സി സ്ലോഡ് എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വിമാനം ഹൈവേയില്‍ ഇറക്കിയത്.

വിമാനം ഹൈവേയില്‍ അടിയന്തിരമായി ഇറക്കുകയാണെന്ന് പൈലറ്റ്‌ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. ആ സമയത്ത് വാഹനങ്ങള്‍ കുറവായിരുന്നത് അത്ഭുതമായി തോന്നുന്നുവെന്ന് പൈലറ്റ്‌ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രെഷന്‍ അന്വേഷണം ആരംഭിച്ചു.