Interview

ഹ്യൂമേട്ടന്‍ വന്നു..കണ്ടു..കീഴടങ്ങി.. ഇനി വരും ടീം ഒന്നടങ്കം

ഇയാന്‍ ഹ്യൂമുമായി ടൂറിസം ന്യൂസ് ലൈവ് നടത്തിയ  അഭിമുഖം ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ട്.

തയ്യാറാക്കിയത്: ആര്യാ അരവിന്ദ് 

 

കൊച്ചി: ഐഎസ്എല്‍ മത്സരപിരിമുറുക്കത്തിനിടെ ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ ഹ്യൂമേട്ടന്‍ ആലപ്പുഴയില്‍ കായല്‍ സവാരി നടത്തി. ഈ മാസം 27ന്  കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ  നേരിടുന്നതിനു മുന്‍പ് മാനസിക ഉണര്‍വ് കൂടിയായി ഹ്യൂമിന് കായല്‍ യാത്ര.

കളത്തില്‍ ഗോള്‍ദാഹിയാണ് ഹ്യൂമെങ്കില്‍ കാഴ്ചകള്‍ കാണാനും അതേ ജാഗ്രത തന്നെ. കേരളത്തിന്‍റെ സൗന്ദര്യം ഒരു പെനാല്‍റ്റി കിക്ക് ഗോള്‍ വല തുളച്ചു കയറുംപോലെ ഹ്യൂമിന്‍റെ മനസ്‌ കീഴടക്കിയിരിക്കുന്നു.
അടുത്തിടെ നീരണിയിച്ച ആഡംബര വഞ്ചിവീടായ സ്പൈസ് റൂട്ടിലായിരുന്നു ഹ്യൂമിന്‍റെ യാത്ര. കൂട്ടിന് ഭാര്യ ക്രിസ്റ്റിനും മക്കളായ അലിസാ ഫേയും കെയ്റയും.

അവര്‍ണനീയ അനുഭവം, ഇനിയും വരും – യാത്രയെക്കുറിച്ച് ഇയാന്‍ ഹ്യൂം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.
കേരളത്തിന്‍റെ ആതിഥ്യമര്യാദയെക്കുറിച്ച് ഹ്യൂമിന് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല. കുടുംബത്തോടൊപ്പം അവധി ചെലവിടാന്‍ സുരക്ഷിത ഇടമാണ് ഇവിടം. ഐഎസ്എല്‍ സീസണ്‍കഴിഞ്ഞാലും കേരളത്തിലെ മറ്റിടങ്ങള്‍ കാണാന്‍ പിന്നെയും രണ്ടു മാസത്തോളം ഇവിടെ കാണുമെന്ന് ഹ്യൂം. കളത്തില്‍ ചാട്ടുളി പൊലെ പായുന്ന ഹ്യൂമിന് നിരത്തില്‍ തലവേദന ഗതാഗതക്കുരുക്കാണ്.

സ്പൈസ് റൂട്ട് ഉടമയുമായുള്ള നല്ല ബന്ധമാണ് തന്നെ ആലപ്പുഴ കായല്‍ യാത്രക്ക് എത്തിച്ചതെന്ന് ഹ്യൂം. തിരക്ക് മൂലം മുന്‍പ് എത്താനായില്ല.ബോട്ട് ജീവനക്കാര്‍ അങ്ങേയറ്റം മര്യാദക്കാരെന്നും ബ്ലാസ്റ്റേഴ്സ് ഗോളടി യന്ത്രത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് .എല്ലാവരും കൂടി യാത്ര അവിസ്മരണീയമാക്കിയെന്നും ഹ്യൂം.

ഒന്നാന്തരം കരിമീനും ചെമ്മീനുമായിരുന്നു ഹ്യൂമിന് ഒരുക്കിയ വിഭവങ്ങള്‍. രുചിയില്‍ ഹ്യൂമേട്ടന്‍റെ നാവിറങ്ങി. നെടുമുടിയില്‍ നിന്നാണ് ഇയാന്‍ ഹ്യൂമും കുടുംബവും കായല്‍ യാത്ര നടത്തിയത് . ഫെബ്രുവരി ആദ്യ വാരം കേരള ടീം ഒന്നടങ്കം ആലപ്പുഴയിലെത്തും സ്പൈസ് റൂട്ട് വഞ്ചിവീടുകളില്‍ കായല്‍ ഭംഗി കാണാന്‍.

കായല്‍ കാഴ്ച നിറച്ച മനസുമായാണ് ഇയാന്‍ ഹ്യൂം ഡല്‍ഹിയെ നേരിടാന്‍ പോകുന്നത്. മുന്നേറ്റ നിരയില്‍ സിഫ്നിയോസിസ് ഇല്ലാത്തത് ജോലി ഇരട്ടിയാക്കുമെങ്കിലും എവേ മാച്ചില്‍ ഡല്‍ഹിക്കെതിരെ ഹാട്രിക് നേടിയ മിന്നും കളി ഹ്യൂമേട്ടന്‍ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.