Food

നടുക്കടലില്‍ ചായക്കടയോ! അതിശയക്കട ഉടന്‍ തുറക്കും

ദുബായ് : കടല്‍ യാത്രയില്‍ ഇനി സാഹസികതക്കൊപ്പം ചായയും നുണയാം. ലോകത്തിലെ ആദ്യ ഫ്ലോട്ടിംഗ് കിച്ചണ്‍ ദുബൈയില്‍ വരുന്നു. സ്കൈയിംഗോ ബോട്ട് സവാരിയോ പായ് വഞ്ചിയോ അടക്കം എന്തിലോ മുഴുകട്ടെ ..നടുക്കടലില്‍ ചായയും ഭക്ഷണവും തരാന്‍ അക്വാപോഡ് റെഡി .

കഴിഞ്ഞ മേയിലാണ് ഒഴുകും അടുക്കളയുടെ നിര്‍മാണം തുടങ്ങിയത്. കരയില്‍ കാറിലെത്തുന്നവര്‍ക്കാണ് ഭക്ഷണശാലകളെങ്കില്‍ ഞങ്ങള്‍ സമുദ്ര സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നതെന്ന് അക്വാപോഡ് ആര്‍ക്കിടെക്റ്റ് ഡിസൈന്‍ സ്റ്റുഡിയോ മേധാവി അഹ്മദ് യൂസഫ്‌ പറഞ്ഞു.

ആദ്യം ജുമെരിയയിലാകും പ്രവര്‍ത്തനം . അല്‍-സുഫൌ,കൈറ്റ് ബീച്ചുകള്‍ക്ക് കൂടി ഇവിടം പ്രയോജനം ചെയ്യും. ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും എത്തിക്കാമെന്നതാണ് ഒഴുകും അടുക്കളയുടെ പ്രത്യേകത.

ഓര്‍ഡര്‍ ചെയ്യും വിധം

ഒഴുകും അടുക്കളയില്‍ രണ്ടു തരത്തില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ആദ്യത്തേത് പതാക സമ്പ്രദായം അക്വാപോഡില്‍ നിന്നുള്ള സ്പീഡ് ബോട്ടില്‍ സമീപത്തുള്ള സമുദ്ര യാനങ്ങളില്‍ പതാകയും മെനുവും എത്തിക്കുന്നു. ആവശ്യക്കാര്‍ പതാക ഉയര്‍ത്തിയാല്‍ അവിടെ പോയി ഓര്‍ഡര്‍ ശേഖരിക്കും..ഒഴുകും അടുക്കളക്ക് അടുത്തെത്തി നേരിട്ട് ഓര്‍ഡര്‍ നല്‍കലാണ് അടുത്ത രീതി. ബര്‍ഗറാകും പ്രധാന ഭക്ഷണം.

പൂര്‍ണമായും വൈദ്യുതിയിലാണ് അക്വാപോഡ് പ്രവര്‍ത്തിക്കുക. കടലില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനും അക്വാപോഡില്‍ സൗകര്യമുണ്ട്.