Africa

ഉരുളക്ക്‌ ഉപ്പേരി : ട്രംപിനെ തിരിച്ചടിച്ച് സാംബിയന്‍ ടൂറിസം

വാഷിംഗ്ടണ്‍ ഡിസി: ആഫ്രിക്കന്‍ രാജ്യങ്ങളെ അശ്ലീല വാക്കുകൊണ്ട് അപമാനിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സാംബിയയിലെ സ്വകാര്യ ടൂറിസം കമ്പനി. കഴിഞ്ഞദിവസം അമേരിക്കന്‍ നിയമനിര്‍മാതാക്കളുമായുള്ള ചര്‍ച്ചയിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളെ അശ്ലീല പദം കൊണ്ട് ട്രംപ് വിശേഷിപ്പിച്ചത്‌.

ഇതേ പദം കൊണ്ടുള്ള പരസ്യ വാചകമാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാംബിയന്‍ കമ്പനി ഉപയോഗിച്ചത്.
അശ്ലീല പദമാണ് പരസ്യത്തിന്‍റെ ആമുഖ വാചകം. ആകാശത്തും വരയന്‍ കുതിരപ്പുറത്തുമായി  നക്ഷത്രങ്ങളും  വരകളും കാണാന്‍ പറ്റുന്ന ഇടം  സാംബിയ എന്നും ഒപ്പമുണ്ട്. (അമേരിക്കന്‍ പതാകയിലെ ചിഹ്നത്തിലെ  നക്ഷത്രങ്ങളേയും വരകളെയുമാണ് പരോക്ഷമായി പരാമര്‍ശിച്ചത് )

പ്രസിഡന്‍റിന്‍റെ ഓവല്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ കുടിയേറ്റമായിരുന്നു ചര്‍ച്ചാ വിഷയം. ഈ ചര്‍ച്ചക്കിടെയാണ് ട്രംപ് അശ്ലീലപദം കൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളെ വിശേഷിപ്പിച്ചത്‌. ഇക്കാര്യം ട്രംപ് പിന്നീട് നിഷേധിച്ചു. അങ്ങനെ പറഞ്ഞിട്ടില്ലന്നായിരുന്നു ട്രംപിന്‍റെ നിലപാട് . എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ചിലര്‍ ആരോപണം ശരിവെച്ചു.

വിവാദ പരാമര്‍ശത്തില്‍ ട്രംപ് ഖേദം പ്രകടിപ്പിക്കണമെന്ന് പലരും ആവശ്യപ്പെടുന്നതിനിടെയാണ് പുതിയ പരസ്യം.
പരസ്യത്തെ സ്വാഗതം ചെയ്ത് പലരും രംഗത്തെത്തിയിട്ടുണ്ട്. വിമര്‍ശിക്കുന്നവരും കുറവല്ല.