Tech

ന്യൂസ്‌ ഫീഡിലെ വിശ്വാസ്യത : പരിഷ്ക്കാരവുമായി ഫെയ്സ്ബുക്ക്

ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ളടക്കങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്ക്. ന്യൂസ്‌ഫീഡ് വഴി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത‍. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഉപയോക്താക്കള്‍ നല്‍കുന്ന റേറ്റിംഗ് അടിസ്ഥാനപ്പെടുത്തിയാവും ഇത് നടപ്പാക്കുക. ഇതിനായി ഉപയോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുകയാണെന്ന് ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്‍റെ ഫേയ്സ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വാര്‍ത്തകള്‍ മറ്റുള്ളവരുടെ ന്യൂസ്‌ഫീഡില്‍ പ്രദര്‍ശിപ്പിക്കണോ എന്ന് തീരുമാനിക്കുക. മാധ്യമങ്ങള്‍ നേരത്തെ പ്രചരിപ്പിച്ചിട്ടുള്ള വ്യാജ വാര്‍ത്തകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഫെയ്സ്ബുക്ക് പരിശോധിക്കും. ക്രിയാത്മക ആശയവിനിമയങ്ങള്‍ക്ക്‌ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസ്‌ഫീഡ് ഉള്ളടക്ക ക്രമീകരണം അടിമുടി മാറ്റുകയാണെന്ന് ഫെയ്സ്ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നിരവധി വാര്‍ത്താ മാധ്യമങ്ങള്‍ വായനക്കാരിലേക്കെത്താന്‍ ഫെയ്സ്ബുക്ക് പ്രയോജനപ്പെടുത്തുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ പ്രചരിക്കുന്ന ഗുരുതര സ്വഭാവമുള്ള വ്യാജ വാര്‍ത്തകള്‍ കുറച്ചു നാളായി ഫെയ്സ്ബുക്കിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

2016ല്‍ അമേരിക്കയുടെ തിരഞ്ഞെടുപ്പ് കാലത്ത് റഷ്യന്‍ അനുകൂലര്‍ ഫെയ്സ്ബുക്ക് വഴി വ്യാജ വാര്‍ത്തകളും പരസ്യങ്ങളും പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുക എന്നതാണ് തന്‍റെ പുതുവര്‍ഷ തീരുമാനമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

വാര്‍ത്താ പ്രസാധകരില്‍ നിന്നും, ബ്രാന്‍ഡുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള പോസ്റ്റുകള്‍ക്ക് പ്രാധാന്യം കുറച്ച് ഉപയോക്താക്കള്‍ക്ക് അടുപ്പമുള്ളവര്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ന്യൂസ്‌ ഫീഡ് അല്‍ഗരിതം പരിഷ്ക്കരിക്കുമെന്നാണ് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചത്.

ഉള്ളടക്കങ്ങളുടെ വിശ്വാസ്യത കണക്കിലെടുത്താകും മാധ്യമങ്ങളുടെയും ബ്രാന്‍ഡുകളുടെയും മറ്റും പോസ്റ്റുകള്‍ക്ക് ഇനി ന്യൂസ്‌ ഫീഡില്‍ സ്ഥാനമുണ്ടാവുക. ആ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് തീരുമാനിക്കുന്നത് ഉപയോക്താക്കളായിരിക്കും.