Middle East

വെളുക്കാന്‍ തേച്ചാല്‍ ശരിക്കും പാണ്ടാവും

ചര്‍മ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. വരുമാനത്തിലെ ചെറിയ ശതമാനമെങ്കിലും സൗന്ദര്യ സംരക്ഷണത്തിനായി മാറ്റി വെക്കുന്നവരാണ് പലരും. എന്നാല്‍ ‘ഫൈസ’ എന്നു പേരുള്ള സൗന്ദര്യ വര്‍ധക ക്രീം ഉപയോഗിച്ചാല്‍ പണിപാളും.

ശരീരത്തിന് കേടുപാടുകള്‍ ഉണ്ടാക്കുന്നതും രാജിസ്റ്റര്‍ ചെയ്യാത്തതുമായ ‘ഫൈസ’ ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ക്രീമിന്‍റെ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്. ലൈസന്‍സുള്ള ക്രീമിന്‍റെ പട്ടികയില്‍ ഈ ഉല്‍പ്പന്നമില്ല. കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്ത്തുക്കള്‍ പലതും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും ദുബായ് മുന്‍സിപ്പാലിറ്റി വ്യക്തമാകി.

ചര്‍മത്തിലെ മെലാനിന്‍റെ അളവു കുറയ്ക്കുന്ന ഹൈഡ്രോക്വിനോണ്‍ ഇതിലടങ്ങിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ചര്‍മം കൂടുതല്‍ തിളക്കമുള്ളതായി തോന്നാമെങ്കിലും തുടര്‍ച്ചയായ ഉപയോഗംമൂലം യുവിഎ, യുവിബി രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുകയും സൂര്യതാപം ഏല്‍ക്കുകയും ചെയ്യും. കൂടാതെ ചര്‍മ കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. ഈ ഉല്‍പ്പന്നം എവിടെയെങ്കിലും വില്‍ക്കുന്നതായി കാണുകയാണെങ്കില്‍ ദുബായ് മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറീച്ചു.